ദുബായ് : . നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 100 ആം ജന്മ ദിനത്തോടനുബന്ധിച്ചു, ഇന്ത്യ ഗവണ്മെന്റ് വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തിയെടുക്കാൻ രൂപീകരിച്ചതാണ് നാഷണൽ സർവീസ് സ്‌കീം (എൻ എസ് എസ്). യൂണിവേഴ്‌സിറ്റി , കോളേജ് തലത്തിൽ സന്നദ്ധ സേവനത്തിന്റെ ഉദാത്ത മാർഗ്ഗമാണ് നാഷണൽ സർവീസ് സ്കീമിലൂടെ വിദ്യാർത്ഥികൾ സ്വായത്തമാക്കുന്നത്.
കോഴിക്കോട് ഫാറൂഖ് കോളേജ് എൻ എസ് എസ് പ്രവർത്തനങ്ങളുടെ പേരിൽ ഏറെ ഖ്യാതി നേടിയ ഒരു കലാലയമാണ്. അവിടെ പഠിച്ചു എൻ എസ് എസ് സന്നദ്ധപ്രവർത്തനങ്ങൾക്കോക്കെ ദീർഘകാലം നേതൃത്വം നൽകിയ വിദ്യാർത്ഥികളും, അതിന്റെ പ്രോഗ്രാം ഓഫീസർമാരായി പ്രവർത്തിച്ച അധ്യാപകരുമൊക്കെ ചേർന്ന് തങ്ങളുടെ കലാലയ കാലത്തിനു ശേഷവും , ഫൗണ്ടേഷൻ ഫോർ സോഷ്യൽ സർവീസ് (എഫ് എസ് എസ് ) എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു ഇപ്പഴും സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിച്ചു വരുന്നു.
എഫ് എസ് എസി ന്റെ സജീവരായ ഒരുപറ്റം പേർ ഇന്ത്യയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമായി ഇക്കഴിഞ്ഞ ദിവസം ദുബായിലെത്തി. യു എ ഇ യിലെ സന്നദ്ധ സേവന പ്രവർത്തനങ്ങൾ കണ്ടറിയാനും, മനസ്സിലാക്കാനും ഒപ്പം ലോക ടൂറിസം ഭൂപടത്തിൽ തന്നെ ഉന്നതിയോടെ മുന്നേറിക്കൊണ്ടിരിക്കുന്ന യു എ ഇ യുടെ മായാകാഴ്ചകൾ കണ്ടാസ്വദിക്കാനുമാണിവർ എത്തിച്ചേർന്നത്.
ഫാറൂഖ് കോളേജ് മുൻ അധ്യാപകരും, മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരും , ഇപ്പോൾ എഫ് എസ് എസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരുമായ ഡോ.എൻ പി ഹാഫിസ് മുഹമ്മദ് , പ്രൊഫ.കെ വി ഉമർ ഫാറൂഖ് എന്നിവരും കുടുംബ സമേതം സംഘത്തിലുണ്ട്.
ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഫോസ ദുബായിയുടെ ആഭിമുഖ്യത്തിൽ എഫ് എസ് എസ് യാത്ര സംഘത്തിന് ദുബായ് റിവാക് അൽ ഔഷ് ഇന്സ്ടിട്യൂട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ഒപ്പം എഫ് എസ് എസിന്റെ ഗ്ലോബൽ മീറ്റും സംഘടിപ്പിച്ചു. യു എ ഇ യിലെ പ്രമുഖ സന്നദ്ധ സംഘടനാ പ്രതിനിധിയായ ഖാലിദ് ജുനൈബി മുഖ്യാതിഥിയായി ഈ സന്ദോഷത്തിൽ പങ്കു ചേർന്നു.
ഇപ്പോഴത്തെ എഫ് എസ് എസ് പ്രസിഡണ്ടും, പ്രമുഖ മനോരോഗ വിദഗ്ധനുമായ ഡോ.അനീസ് അലി സംഘടന നാട്ടിൽ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ഡോ.എൻ പി ഹാഫിസ് മുഹമ്മദ് , പ്രൊഫ.കെ വി ഉമർ ഫാറൂഖ് എന്നിവർ സദസ്സുമായി സംവദിച്ചു.
ഫോസ ദുബായ് പ്രസിഡണ്ട് എം.മുഹമ്മദ് അലി അധ്യക്ഷത വഹിച്ച. സിക്രട്ടറി ജലീൽ മഷൂർ തങ്ങൾ സ്വാഗതവും, അഡ്വ.മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.
എം സി എ നാസർ, അബ്ദുൽ ലത്തീഫ്, കുഞ്ഞാമു, ഹാരിസ്, കൃഷ്ണൻ, മനോജ്‌കുമാർ, അഡ്വ.ഇക്ബാൽ, നൗഫൽ, സലാം കല്ലായ്, റഷീദ്, ഡോ.ഷീലു ജാസ്, റഹീന, അഞ്ജന, ലിസമോൾ, ഫാത്തിമ, സുബൈദ, സോണിയ തുടങ്ങിയവർ നേതൃത്വം നൽകി.